ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ ഇന്ത്യൻ വംശജനായ വിദ്യാർഥി കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു.
ടെക്സാസ് റിയോ ഗ്രാൻഡെ വാലി സർവകലാശാല വിദ്യാർഥിയായ ഗൗരവ് ചോപ്ര(19) യാണു മാതാപിതാക്കളായ സ്വീര റാം (56), അമ്മ കമലേഷ് റാണി (46) എന്നിവരെയും മുത്തശി മിന്ദർ കൗറി (73) നെയും വെടിവച്ചുകൊന്നത്. കാറിൽ രക്ഷപ്പെട്ട ഇയാളെ പിന്നീട് പോലീസ് പിന്തുടർന്ന് പിടികൂടി.
ആക്രമണത്തിൽ ഗൗരവിന്റെ സഹോദരനും പരിക്കേറ്റു. ആക്രമണത്തിനിടയിൽ അത്ഭുതകരമായി രക്ഷപ്പെട്ട സഹോദരൻ ഉടൻതന്നെ എമർജൻസി നമ്പറായ 911ൽ വിളിച്ച് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
വിവരമറിഞ്ഞു പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും മലേഷ് റാണിയും മിന്ദർ കൗറും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്വീര റാമിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിച്ചു. ഇതിനിടെ സ്ഥലത്തുനിന്ന് കാറിൽ രക്ഷപ്പെട്ട ഗൗരവ് ചോപ്രയെ പോലീസ് പിന്തുടർന്നു.
സിനിമകളെ വെല്ലുന്ന രീതിയിൽ അമിതവേഗതയിൽ പാഞ്ഞ പ്രതിയുടെ കാർ മറ്റു യാത്രക്കാരുടെ വാഹനത്തിൽ ഇടിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് പോലീസ് ഗൗരവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറിൽനിന്ന് ഹാൻഡ് ഗൺ കണ്ടെടുത്തു. ഈ തോക്ക് ഉപയോഗിച്ചാണു കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
കോടതിയിൽ ഹാജരാക്കിയ പ്രതിക്കെതിരേ കൂട്ടക്കൊലപാതകം, വധശ്രമം, അറസ്റ്റ് ഒഴിവാക്കാൻ ശ്രമിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൃത്യം ചെയ്യാനുണ്ടായ കാരണം എന്താണെന്നു വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. അന്വേഷണത്തിനിടെ പ്രതി പറഞ്ഞ പല കാര്യങ്ങളും വാസ്തവവിരുദ്ധമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.